കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ അദ്ധ്യാപകമേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും..... *കേരളത്തില്‍ 17,500അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും.....
*6000 എച്ച്.എം പോസ്റ്റ് ഇല്ലാതാവും....
*ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നിയമം ബുദ്ധിമുട്ടുണ്ടാക്കും.....
*ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ്സുവേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ 13,000 എല്‍.പി.സ്കൂള്‍ അദ്ധ്യാപകര്‍ പുറത്തുപോകേണ്ടതായി വരും.......
*കേരളത്തില്‍ പ്ലസ്ടുവരെ സൗജന്യവിദ്യാഭ്യാസം....
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തില്‍ 6 വയസ്സുമുതല്‍ 14 വരെ സൗജന്യം (1ക്ലാസ്സുമുതല്‍ 8 വരെ)...
*പ്രീപ്രൈമറി വിദ്യാഭ്യാസത്തേപ്പറ്റി നിയമം മൗനം പാലിക്കുന്നു....
*നിയമത്തില്‍ പഴുതുകളേറെ....
*നിയമം പൊതുവിദ്യാഭ്യാസത്തിനു ഭീഷണി....
*പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ അവസ്ഥയിലാകും....
*1957 ലെ ഇ.എം.എസ് മന്ത്രിസഭ കേരളത്തില്‍ സെക്കന്ററി വിദ്യാഭ്യാസം വരെ സൗജന്യമാക്കി
*കേന്ദ്രസര്‍ക്കാര്‍ എലിമെന്ററിവിദ്യാഭ്യാസം മാത്രം സൗജന്യമാക്കിയത് അരനൂറ്റാണ്ടിനുശേഷം !

നാം ആര്‍ക്കുവേണ്ടി പഠിപ്പിക്കണം?
   മൂല്യശോഷണം അദ്ധ്യാപക സമൂഹത്തെ ഏതൊക്കെ തരത്തില്‍  ബാധിച്ചിരിക്കുന്നുവെന്നറിയാന്‍  നാം നമ്മുടെ വിദ്യാലയങ്ങളിലേക്ക് ഇറങ്ങിചെല്ലുക. സ്വന്തം കുട്ടികളെ അവര്‍തന്നെ മികച്ച വിദ്യാലയങ്ങളെന്നു വിളിക്കുന്ന  അണ്‍എയ്ഡഡ് സ്കൂളിലേക്ക് വിട്ടിട്ടാകും രാവിലെ  മിക്ക അദ്ധ്യാപകരും വിദ്യാലയത്തില്‍ എത്തിയിട്ടുണ്ടാവുക. സ്വന്തം മക്കളെ അണ്‍ എയ്ഡഡ്  സ്കൂളില്‍ വിട്ടിട്ട്  കുട്ടികളെ പിടിക്കാന്‍ നെട്ടോട്ടമോടുന്ന അണ്‍ എക്കണോമിക് സ്കൂളിലെ ഒരു  ഹെഡ് മാസ്റ്ററെ ഈ ലേഖകനറിയാം. നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരുടെ മക്കളില്‍ 95 ശതമാനത്തിലധികം പഠിക്കുന്നത് അണ്‍ എയ്ഡഡ് സ്കൂളിലാണെന്നതാണ് വാസ്തവം.  ഇതിനൊരു കാരണം ഞങ്ങള്‍ സര്‍ക്കാരിന്റെ സ്വന്തം ആളുകളായതുകൊണ്ട്  കുട്ടികള്‍ കുറഞ്ഞാലും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിക്കില്ലെന്ന അഹങ്കാരം തന്നെയാണ്. എന്നാല്‍ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ കുട്ടികളില്‍ 80 ശതമാനവും സ്വന്തം സ്കൂളില്‍ തന്നെയാകും. ഇതില്‍ മിക്കവരും കുട്ടികളെ ഇവിടേക്ക് വിടുന്നത്  പൊതുവിദ്യാഭ്യാസത്തോടുള്ള താല്‍പര്യം കൊണ്ടല്ല, സ്വന്തം  ജോലിനഷ്ടമാകുമെന്ന ആശങ്കകൊണ്ടുമാത്രമാണ്.
 മക്കളെ അണ്‍എയ്ഡഡ് സ്കൂളില്‍ വിടുന്ന അദ്ധ്യാപകരെ നിരീക്ഷിച്ചാല്‍ വളരെ വ്യക്തമാകുന്ന കാര്യമുണ്ട്. ഇവര്‍ കുട്ടികള്‍ക്കുവേണ്ടി വളരെയൊന്നും ചെയ്യാന്‍ തയ്യാറാകുന്നില്ല എന്നതാണ്. അവര്‍ക്ക് ഒന്നിനും സമയമില്ല. വീട്ടില്‍ ചെന്നാല്‍ അണ്‍ എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന സ്വന്തം കുട്ടിയുടെ പിടിപ്പത് ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കണം , കൂടാതെ  പ്രോ‍ജക്ടിനുവേണ്ട വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും പരതിയെടുക്കണം ,എഴുതാന്‍ സഹായിക്കണം ഇങ്ങനെ എത്രയെത്ര തിരക്കുകള്‍ !  ഇതിനിടയില്‍ സ്വന്തം സ്കൂളിലെ കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ക്ക് എവിടെ സമയം?നാട്ടുകാരുടെ മക്കള്‍ നന്നായിട്ട് എനിക്കെന്തു കാര്യമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. വാങ്ങുന്ന വലിയശമ്പളം ആരുടെ പണമാണെന്നും എന്തിനാണ് അത് തരുന്നതെന്നും കൂടി അവര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
    പണ്ടൊക്കെ ഒരു അദ്ധ്യാപകന് തന്റെ കുട്ടിയെന്നു പറഞ്ഞാല്‍ താന്‍ പഠിപ്പിക്കുന്ന കുട്ടിയെന്നായിരുന്നു. ഇന്ന്  സ്വന്തം കുട്ടിയെന്നാല്‍ സ്വന്തം മകനോ മകളോ എന്നായിരിക്കുന്നു. അപൂര്‍വ്വം അദ്ധ്യപകരെ ഇതിന് അപവാദമായിട്ടുള്ളു. സ്വാര്‍ത്ഥത അത്രമാത്രം അദ്ധ്യാപകനേയും ബാധിച്ചിരിക്കുന്നു. ചിലരുടെ സ്വാര്‍ത്ഥത പരിധിപോലും ലംഘിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇല്ലാതില്ല. എന്റെ കുട്ടിക്ക് സമ്മാനം കിട്ടാന്‍വേണ്ടി ഏതറ്റം വരെ പോകാനും മടിക്കാത്ത അദ്ധ്യാപരുണ്ട്. ഇത് ശരിയല്ല. അദ്ധ്യാപകവൃത്തിയുടെ മഹനീയത നഷ്ടപ്പെടുത്തുന്ന  കുറേപ്പേര്‍ ഇത്തരത്തിലുണ്ട്. സമൂഹമനസ്സാക്ഷിക്കുമുമ്പില്‍ ഇവര്‍ പരിഹാസ്യരായിത്തീരുന്നു. കലോത്സവത്തിലും മറ്റും സ്വന്തം മകനോ മകള്‍ക്കോവേണ്ടി ബഹളം വെയ്ക്കുന്ന അദ്ധ്യാപക രക്ഷാകര്‍ത്താവിനെ കാണാനാവും. എന്നാല്‍ ഇതേ ആവേശം  സ്വന്തം സ്കൂളിലെ കുട്ടികള്‍ക്കുവേണ്ടി കാണിക്കാറുമില്ല!?എന്തൊരു വിരോധാഭാസം .
          മറ്റൊരു കൂട്ടരുണ്ട്. അദ്ധ്യാപനമെന്നാല്‍ പാഠപുസ്തകം പഠിപ്പിച്ച് തീര്‍ക്കലാണെന്ന് ധരിച്ചവരാണിവര്‍. വിദ്യാഭ്യാസത്തിലൂടെ കുട്ടിയുടെ സമഗ്രമായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇത് ഇക്കൂട്ടര്‍ക്കുമറിയാം . എന്നാല്‍ അതൊന്നുമത് അറിയില്ലെന്നു നടിക്കും.  ഇത്തരക്കാര്‍ ഉറക്കം നടിക്കുന്നവരാണ്.  ഇവരെ ഉണര്‍ത്താനാവില്ല .ഇവര്‍ പാഠപുസ്തകം പഠിപ്പിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യാന്‍ തയ്യാറാകില്ല. ഇതൊക്കെയറിയാവുന്ന ഹെഡ് മാസ്റ്റര്‍  ആവശ്യപ്പെട്ടാലോ  ഇതിനൊന്നും സമയമില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കും. എന്നാല്‍ സ്വന്തം മക്കളുടെ കാര്യത്തില്‍ ഇവര്‍ സദാ ജാഗരൂകരായിരിക്കും.
 ശരിക്കും പറഞ്ഞാല്‍ ഇവരെയെല്ലാം വിളിച്ചുകൂട്ടി ആരാണ് അദ്ധ്യാപകനെന്നും ഇവരുടെ കടമയെന്തെന്നും പഠിപ്പിക്കേണ്ടിയിരിക്കുന്നു.ഇതാണ് വിദ്യാഭ്യാസവകുപ്പ് ആദ്യം ചെയ്യേണ്ടത്.
നമ്മുടെ അദ്ധ്യാപകര്‍ മാനസികമായി ഉയരേണ്ടതുണ്ടോ?
        ഗുരു 'എന്ന സംസ്കൃത ശബ്ദത്തിന്റെ അര്‍ത്ഥം ഇരുട്ടിനെ അകറ്റുന്നവന്‍ എന്നാണ്. ഇരുട്ടിനെ അകറ്റാന്‍ കഴിയുന്നത് വിളക്കിനാണ്. അതായത് കുട്ടിയുടെ മനസ്സിലെ അന്ധകാരത്തെ അകറ്റാന്‍ കഴിയുന്ന ആളായിരിക്കണം അദ്ധ്യാപകന്‍. മറ്റൊരര്‍ത്ഥത്തില്‍ സ്വയം വെളിച്ചമാകാന്‍ അദ്ധ്യാപകന്  കഴിയണം. ഇന്ന് ബഹുഭൂരിപക്ഷം അദ്ധ്യാപകര്‍ക്കും അതിനുകഴിയുന്നുണ്ടോ? ഈ അദ്ധ്യന വര്‍ഷം ഇവിടെ അവസാനിക്കുമ്പോള്‍ ഓരോ അദ്ധ്യാപകനും സ്വയം വിമര്‍ശനപരമായി കാണേണ്ട ഒന്നാണിത്. ഒരു സാധാരണ വ്യക്തിയില്‍ നിന്നും അദ്ധ്യാപകനെ വേറിട്ടു നിര്‍ത്തുന്നത്  മൂല്യബോധമുള്ള ഒരു സമൂഹത്തിന്റെ  സൃഷ്ടിക്കുവേണ്ടി പണിപ്പെടുന്ന ഒരാള്‍ എന്ന നിലയിലാണ്.  ആ ബഹുമാനം എന്നും നല്‍കാന്‍ സമൂഹം  ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വിധിവൈപരീത്യമെന്നു പറയട്ടെ നാള്‍ക്കുനാള്‍ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായി അദ്ധ്യാപകരും മാറിയിരിക്കുന്നുവെന്നത് ഭാവിസമൂഹത്തിന് സംഭവിക്കാനിരിക്കുന്ന ഒരു മഹാദുരന്തത്തിന്റെ സൂചനയായിവേണം  കാണാന്‍.
                     ഈ സമൂഹം മുന്പ് എന്നത്തേക്കാളും മലീമസമായിക്കൊണ്ടിരിക്കുന്നു. മൂല്യങ്ങള്‍ മിക്കതും കൈമോശം വന്നിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് അദ്ധ്യാപകനെങ്കിലും സ്വയം അഗ്നിശുദ്ധി വരുത്തി തന്നിലേല്‍പ്പിച്ച ദൗത്യത്തെ ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കാന്‍ അദ്ധ്യാപകന്‍ ബാദ്ധ്യസ്ഥനാണ്. ഇത് അദ്ധ്യാപകരില്‍ മിക്കവരും ചിന്തിക്കാറില്ല.  ഇന്ന് മദ്യപാനിയുടേയും സദാചാരവിരുദ്ധന്റേയും റോള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന  അദ്ധ്യാപകരില്ലേ? ഇവരെങ്ങനെ മൂല്യബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കും?
                    താന്‍ ചെയ്യുന്ന ജോലിയുടെ മഹനീയത ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ധ്യാപകനു കഴിയണം. പലപ്പോഴും അതിനുകഴിയുന്നില്ല എന്നതല്ലേ വാസ്തവം. ഒരു അദ്ധ്യാപകനോ അദ്ധ്യാപികയോ തന്നെ എല്‍പ്പിച്ച ദൗത്യം സമര്‍പ്പണബുദ്ധിയോടെ ചെയ്യാന്‍ കഴിയണം. ചെയ്യുന്ന ജോലിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളാനും കഴിയണം. മിക്കവര്‍ക്കും അതിനു കഴിയാറുണ്ടോ? അദ്ധ്യാപകനുതന്നെ തന്റെ ജോലിയോട് പ്രതിബദ്ധതയോ വിശ്വാസമോ ഇല്ലാതിരിക്കുക,  അതല്ലേ സ്വന്തം കുട്ടികളെ അണ്‍ എയ്ഡ‍‍ഡ് സ്കൂളിലേക്ക് പറഞ്ഞയക്കുന്ന അദ്ധ്യാപകര്‍ ചെയ്യുന്നത്. ആത്മാര്‍ത്ഥമായി തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു അദ്ധ്യാപികയ്ക്ക് ഒരിക്കലും താന്‍ കൈകാര്യം ചെയ്യുന്ന പാഠപുസ്തകമോ സിലബസ്സോ മോശമാണെന്ന് പറയാന്‍ കഴിയില്ല. സ്വന്തം കഴിവുകേടിനോ അറിവില്ലായ്മയ്കോ മറയിടാന്‍ വേണ്ടി മാത്രമാണ്  സിലബസ്സിനേയോ പാഠപുസ്തകത്തേയോ കുറ്റം പറയുന്നത്. ഇവരുടെ അദ്ധ്യാപനത്തെ വിലയിരുത്തിയാല്‍ ശരാശരി അദ്ധ്യാപക മികവിനപ്പുറത്തേക്ക്  ഇവര്‍  പോകില്ല എന്നു നിസ്സംശയം പറയാനാകും.  കാരണം ആത്മാര്‍ത്ഥതയോടെ തന്റെ ജോലിചെയ്യാനവര്‍ക്ക് ആയിട്ടില്ല. അതുകൊണ്ടുതന്നെ പാഠപുസ്തകത്തിന്റെ സാദ്ധ്യതകളെ കുട്ടികള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്താനുമായിട്ടില്ല. അതിനുള്ള സന്നദ്ധത ആ അദ്ധ്യാപികയ്ക്കുണ്ടാവില്ല. ഇങ്ങനെയുള്ള അദ്ധ്യാപകരാണ് പൊതുവിദ്യാഭ്യാസത്തെ സമൂഹത്തിനുമുന്നില്‍ വിലയിടിച്ചു കാണിക്കുന്നതു്. ഈ അദ്ധ്യാപകര്‍ പൊതുവിദ്യാഭ്യാസമേഖലയ്ക്കുതന്നെ ബാദ്ധ്യതയായി മാറുന്നു.
                                                       ചില അദ്ധ്യാപകരുണ്ട്  സ്വയം മികച്ചവരെന്നു കരുതുന്നവരാണവര്‍. കുട്ടികളെ ഭീഷണിപ്പെടുത്തി പാഠഭാഗങ്ങള്‍ കാണാതെ പഠിപ്പിക്കുക,താന്‍ മികച്ചതാണെന്നു കാണിക്കാന്‍ മൂല്യനിര്‍ണ്ണയത്തില്‍ ശരിയായ വിലയിരുത്തലില്ലാതെ മികച്ച ഗ്രേഡുകള്‍ നല്‍കുക ഇങ്ങനെയാണവര്‍ തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നത്. ശരിക്കും ഇത്തരക്കാര്‍ പൊതുവിദ്യാഭ്യാസമേഖലയോടെന്നല്ല വിദ്യാര്‍ത്ഥികളോടു തന്നെ ചെയ്യുന്ന കൊടും വഞ്ചനയാണ് . ഇതിനെയൊക്കെ ചിലതലങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുമുണ്ട് എന്നതാണ് വാസ്തവം.  ചില അണ്‍ എയ്‍‍‍ഡഡ് സ്കൂളുകളില്‍ പതിവായ ഈ രീതികള്‍ പൊതുവിദ്യാഭ്യാസമേഖലയില്‍ ആവേശിക്കപ്പെടുന്നത്  ആശ്വാസ്യകരമല്ല.
                                            
                                               മറ്റുചില അദ്ധ്യാപകരേപ്പറ്റിക്കൂടി പറയാതെ തരമില്ല. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതാണ് മികച്ച അദ്ധ്യാപകന്റെ ലക്ഷണമെന്നു തെറ്റിദ്ധരിച്ചവരാണിവര്‍. കുട്ടികള്‍ക്ക് എന്തുമനസ്സിലായി എന്നത് അവര്‍ക്കൊരു പ്രശ്നമല്ല. പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ത്തിട്ട്  എവറസ്റ്റ് കീഴടക്കിയവനേപ്പോലെ ഒരു ജേതാവിന്റെ ഭാവത്തില്‍ നില്‍ക്കുന്ന ഇത്തരക്കാരേപ്പറ്റി പലരും മതിപ്പോടെ സംസാരിക്കുമ്പോള്‍ വിദ്യാഭ്യാസം ആര്‍ക്കുവേണ്ടി അല്ലെങ്കില്‍ എന്തിനുവേണ്ടിയെന്ന് തിരിച്ചറിയാത്ത ഒരാളെ നാം കണ്ടുമുട്ടി എന്നുമാത്രം കരുതിയാല്‍ മതി.( തുടരും...)
ജ്യോതി ശാസ്ത്രവര്‍ഷം
ലിറ്റില്‍സയന്റിസ്റ്റ് പുസ്തകം പ്രസിദ്ധീകരിച്ചു
ജ്യോതിശാസ്ത്ര വര്ഷം പ്രമാണിച്ച് സര്‍വ്വ ശിക്ഷാ അഭിയാന്‍ നാല്‍പ്പത്തിനാലോളം ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകം ഇന്റര്‍നെറ്റില്‍ www.keralassa.org എന്ന വിലാസത്തില്‍ സൗജന്യമായി ലഭ്യമാണ് .ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.ഗണിതം,സയന്‍സ്,സാമൂഹ്യശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം അദ്ധ്യാപക സഹായിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ചാന്ദ്രദിനം സ്കൂളുകളില്‍ വിവിധ പരിപാടികള്‍
പള്ളിപ്പാട്- ജൂലയ് 20 ലെ ചാന്ദ്രദിനം പ്രമാണിച്ച് സ്കൂളുകളില്‍ വിവിധപരിപാടികള്‍ നടക്കും. ഇതിന് അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം വിവിധ ബ്ലോക്ക് റിസോഴ്സ് കേന്ദ്രങ്ങളില്‍ നടന്നു വരുന്നു. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പരിശീലനങ്ങള്‍ നടക്കുന്നത് .ജൂലയ് 22ന് നടക്കുന്ന സുര്യഗ്രഹണത്തോടനുബന്ധിച്ച് പൂര്‍ത്തീകരിക്കേണ്ട പന്ത്രണ്ടോളം പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടക്കണം. എന്നാല്‍ ഇതിനുള്ള പ്രവര്‍ത്തനപുസ്തകവും കൈപ്പുസ്തകവും അദ്ധ്യാപക പരിശീലനത്തില്‍ പരിചയപ്പെടുത്തിയതല്ലാതെ നല്‍കിയിട്ടില്ല. എസ്.എസ്.എയുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകര്‍. ഹരിപ്പാട്ട് സ്ഥാപിക്കുന്ന ടെലസ്കോപ്പ് എത്തിക്കഴിഞ്ഞു. എകദേശം 63,000 രൂപയോളം വിലവരുന്ന ടെലസ്കോപ്പാണ് ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയുടെ ഭാഗമായി ഹരിപ്പാട് സബ്ജില്ലയ്ക്കുവേണ്ടി സ്ഥാപിക്കുന്നത്. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിനന്നായി നടപ്പിലാക്കുന്ന സ്കൂളുകള്‍ക്ക് സമ്മാനവും വിദ്യാഭ്യാസ വകുപ്പ് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്